A book Review - Manushyanoru Aamukham
മനുഷ്യനൊരു ആമുഖം
രാജകോപത്തിനിരയായി മരണക്കെണിയിൽ അകപ്പെട്ട് കിടക്കുമ്പോൾ ജീവൻ കൊത്തിപ്പറിക്കാനെത്തിയ കഴുകനെ അയ്യാ പിള്ള ആട്ടി
"ഫോ ദൂരെ ഫോ " എന്ന്
അങ്ങനെ അയ്യാട്ടുമ്പിള്ളി എന്ന കുടുംബപ്പേര് ഉണ്ടായി അതിന്റെ വംശ വേരിന്റെ ഇങ്ങേ അറ്റത്ത് ജിതനെന്ന ജിതേന്ദ്രൻ, ജിതന്റെ അപ്പൂപ്പൻ, ഒരുകാലത്ത് പറവച്ച് പണമളന്ന നാറാപിള്ള.
തച്ചനക്കരയുടെ, അയ്യാട്ടുമ്പിള്ളീയുടെ കഥ പറയുന്നതിലൂടെ കാലഘട്ടത്തിന്റെ കൂടെ ചരിത്രം തുറന്നു കാട്ടുന്നു സുഭാഷ് ചന്ദ്രൻ.
നിറയെ കഥപാത്രങ്ങളൂള്ള ഒരു വലിയ ക്യാൻവാസിൽ ആണു നോവൽ രചന. ആഖ്യാനത്തിന്റെ മാസ്മരികത കൊണ്ട് തന്നെ വായനക്കാരന്റെ മനസ് കീഴടക്കിയിരിക്കുന്നു നോവലിസ്റ്റ്.
പാത്ര രചനയിലെ വൈവിധ്യവും ശ്രദ്ധേയമാണ്. സാധ്വിയാണു അമ്മുവമ്മ, ഭര്‍ത്താവിന്റെ അധികാരത്തിനും ധാര്ഷ്ട്യത്ത്തിനും മുന്നില്‍ പൂച്ചയെപ്പോലെ പതുങ്ങി ജീവിച്ച പാവം. എന്നാൽ മകൾ ചിന്നമ്മ സാമർഥ്യ മുള്ളവൾ അവകാശങ്ങളെക്കുരിച്ച് ബോധമുള്ളവൾ എന്തും എവിടെയും തുറന്നു പറയാൻ ധൈര്യമുള്ളവൾ. ഇങ്ങനെ നമ്മൾ കണ്ടും പരിചയിചുമുള്ള നാനാവിധ മനുഷ്യരെ മനോഹരമായി വരച്ചു ചേര്‍ത്തിരിക്കുന്നു.
പേരില്‍ ജിതനെങ്കിലും ജീവിതത്തിലും കര്മ്മത്ത്തിലും അത്ര കണ്ട് ജിതനല്ല . പരാശ്രയനായി ജനിച്ചു വീഴുന്ന മനുഷ്യൻ വളർന്ന് താൻപോന്നവനും, അഹങ്കാരിയും, അധികാരിയും പിന്നെയും വളർന്ന്, തളർന്ന്, പരാശ്രയനും, നിരാലംബനും ആയിമാറുന്നതിന്റെ നേർച്ചിത്രമാണൂ മനുഷ്യനൊരു ആമുഖം . ഓരോ മനുഷ്യനും അവനവനിലേയ്ക്ക് നോക്കുമ്പോൾ കാണുന്നത് പുറം പൂച്ചുകൾക്കകത്തുള്ള പച്ചയായ ഞാനെന്ത് എന്നത്.
"ധീരനും സ്വതന്ത്രനും സർവ്വോപരി സർഗ്ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് , ഭീരുവും പരതന്ത്രനുമായിത്തീർന്ന് , സ്വന്തം സൃഷ്ടിപരത വംശവൃധിക്കുവേണ്ടി മാത്രം ചെലവിട്ട് , ഒടുവില്‍ , വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കിൽ പ്രിയപ്പെട്ടവളെ, മനുഷ്യനായിപ്പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല." എന്നാണു ജിതൻ ഭാര്യ, കാമുകിയായിരുന്ന കാലത്ത് അയച്ച ഒരു കത്തിൽ പറയുന്നത്.
ജിതന്റെ മരണാനന്തരം ഭാര്യ അയാള്‍ എഴുതണമെന്ന് ആഗ്രഹിച്ചിരുന്ന നോവലിന് വേണ്ടി ഉണ്ടാക്കിയ കുറിപ്പുകളിലൂടെ പുനർയാത്ര നടത്തുന്നു, ഈ കുറിപ്പ്കളാവട്ടെ പലതും അവരുടെ പ്രണയ കാലത്ത് അയാളയച്ച കത്തുകളിൽ ചേർത്തിരുന്നവയാണു. ആ പുനർവായനയിലാണു തച്ചനക്കരയും, നാറാപിള്ളയും, പൂശാരിമുക്കും, നാരായണ ഗുരുവും, കുട്ടിയായ ജിതനും, കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒക്കെ വായനക്കാരന് ദൃശ്യമാകുന്നത്. നാറാപിള്ളയുടെ ചെറുപ്പത്തിൽ പൂശാരിയുടെ ഒറ്റമുറി കടമാത്രമുണ്ടായിരുന്ന പൂശാരിമുക്ക് ജിതന്റെ കുട്ടിക്കാലത്ത് അല്പം വലിയൊരു കവലയായി മാറി. ജിതന്റെ വാർധക്യത്തിൽ അതൊരു പട്ടണമായി മാറി. ജിതന്റെ ജീവിതത്തോടൊപ്പം കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങളെയും നോവലിൽ പ്രതിപാതിച്ചിരിക്കുന്നു.
തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.